Monday, February 26, 2007

പ്രണയത്തെക്കുറിച്ച് മൂന്ന് കവിതകള്‍




1.പ്രണയത്തിന്റെ പാഠഭേദങ്ങള്‍
(1)
രാധേ രാധേ
എന്നുവിളിച്ച്
ഇടവഴിയിലേക്കോടുന്നവനാരാണ്?
അവനു കിറുക്കാണ്
മുഴുക്കിറുക്ക്
കണ്ണനാണ് താനെന്ന് അവനു തോന്നും
ചരല്‍ മുറ്റത്തിനപ്പുറം
ഇടവഴിയിലൂടെ നടന്നു പോകുന്ന
നീളന്‍ പാവാടക്കാരികളൊക്കെയും
തന്റെ രാധയെന്ന് അവന്‍ ധരിക്കും;
തുടലില്ലാത്ത നേരത്തൊക്കെ
അവനിട വഴിയിലേക്കോടും;
പാവം.
നാല് പെണ്‍കുട്ടികള്‍ കഴിഞ്ഞ് അമ്മയ്ക്ക്
കിട്ടിയപൊന്‍ കണിയായിരുന്നല്ലൊ അവന്‍!
(2)
കണ്ണാ
ഇങ്ങനെ മഴ
ചറപിറെ പെയ്യുമ്പോള്‍ ജനാലയ്ക്കല്‍
നോക്കിനില്‍ക്കാന്‍ എന്തു രസമെന്നോ!
മഴക്കാഴ്ച്ചയില്‍
നിന്റെ കണ്ണിലെ അലയിളക്കങ്ങള്‍
മഴയൊച്ചയില്‍
നിന്റെ പുല്ലാങ്കുഴലിന്റെ പിറുപിറുക്കല്‍
മഴവിരലുകളെന്നെത്തൊടുമ്പോള്‍
നിന്റെ കൈകള്‍തൊട്ടമാതിരി
കണ്ണാ
നീയെന്തിനാണിങ്ങനെ മിഴിച്ചു നോക്കുന്നത്?
കണ്ണനോ
ഞാന്‍ ഉണ്ണിയാണ്
പുത്തന്‍ പുരയ്ക്കല്‍ ഗോവിന്ദന്‍ മകന്‍
പി.ജി.ഉണ്ണികൃഷ്ണന്‍
കുഞ്ഞുന്നാളില്‍ അമ്മ പോലും എന്നേ
കണ്ണനെന്നു വിളിച്ചിട്ടില്ലല്ലൊ.
ആട്ടെ കുട്ടി ആരാണ്?
എനിക്ക് മനസ്സിലായില്ലല്ലൊ.
(3)
നനഞ്ഞ കാറ്റില്‍
തേക്കിന്‍ പൂവുകളുടെ മണം
മൈതാനത്ത് വെയില്‍പ്പീലികളില്‍
എണ്ണമില്ലാത്തത്ര തുമ്പികള്‍.
വേനല്‍ മോഷ്ടിച്ച പുഴകളെയും
തിരഞ്ഞുപോയ
ബുദ്ധന്റെ കഥ
വിശുദ്ധ പുസ്തകത്തില്‍ നിന്ന്
ആരോ ഉറക്കെ വായിക്കുന്നു
അവളുടെ കണ്ണിലെ
തിരയടങ്ങിയ തുളുമ്പാത്ത
ലവണ സമുദ്രത്തില്‍ നിന്ന്
ഒരുതുള്ളി
ഒരുതുള്ളി മാത്രം
പൊടിപിടിച്ച ഗിത്താറിന്റെ
ഉടലിലേക്കു പൊഴിയുന്നു.
ഒന്നുമില്ല,ഒന്നും
പേരില്ലാത്തൊരു രാഗം മാത്രം.

2.വര്‍ഷകാലരാഗങ്ങള്‍
നഗരമേ
നീയെന്റെ പ്രണനെത്തരികെന്നു
വഴിയരുകിലേതോ കിറുക്കന്റെ മൊഴി
ദൂരെ നിന്നേതോ
ദുരന്തഗീതം പോലെ
രാത്രിയുടെ ചൂളംവിളി
അരികെ നീ
എന്റെ പ്രാണനെന്നെഴുതി ഞാന്‍
ചുവടേകുറിക്കുന്നൊരക്ഷരം
ഓര്‍മ്മകളൊരേനേരമഗ്നിയും
തിരസ്കാരവും നിറച്ചുകൊണ്ട്
അരികെ നീ.
ഏതോ വഴിയമ്പലത്തിന്റെ
മൂലയില്‍ കണ്ട
പഴയ മണ്‍പ്രതിമയോ
പാതിയിലെന്നും തകര്‍ന്നു
തനിച്ചിരുന്നേങ്ങുമെന്‍
വീടിന്റെയൊച്ചയോ
അറിയില്ലെനിക്കു നീ
അരികെ നില്‍ക്കുമ്പൊഴോര്‍മ്മകള്‍
നുരയ്ക്കുന്നതല്ലാതെ
നിമിഷ വേഗങ്ങളേമോഷ്ടിച്ചു
ഹൃദയം മിടിയ്ക്കുന്നതല്ലാതെ
അറിയില്ലെനിക്കൊന്നും.
മഴകളോരോന്നിലും മുങ്ങി
മരിക്കുന്നൊരൊറ്റ
സ്പര്‍ശമായ്,ഗന്ധമായ്
ഭൂമികൈവിട്ട കരുണയും
കയ്ക്കുന്നപ്രാര്‍ത്ഥനക്കെട്ടുമായ്
നീ വന്നു നില്‍ക്കുന്നു.
പിന്നെയുമെന്നിലടഞ്ഞ
ജനാലകളെല്ലാം തുറക്കുന്നു.
അരുത് വാക്കുകള്‍
നമ്മളെ മോഷ്ടിച്ചകന്നു പോം
ചതിയരാം സഹചാരികള്‍
അരുത് സ്പര്‍ശങ്ങള്‍
അറികെ നമ്മെത്തനിച്ചിട്ടു
കടവൊഴിഞ്ഞു പോം സ്നേഹങ്ങള്‍.
പടികളെല്ലാമിറങ്ങിയതാണു നാ-
മൊടുവിലിന്നതിന്‍
പാടുമാത്രമാണെങ്കിലും
എരിയുമോര്‍മ്മയാല്‍ അല-
യിരമ്പുന്ന നോക്കിനാല്‍
എന്നുള്ളുപൊള്ളുന്നു.
കാട്ടുചെടികളില്‍ പൂത്ത
പ്രണയത്തിന്റെ ഗന്ധങ്ങളല്ലാതെ
ഇല്ല നീയൊന്നും മണക്കില്ല
അത്രമേല്‍ സ്നിഗ്ദധമെന്നറിയുന്ന
സ്പര്‍ശങ്ങളല്ലാതെ
ഇല്ല നീയൊന്നും തൊടാറില്ല
വെറുതേ കുറിച്ചിട്ട വാക്കുകളല്ലാതെ
പുറമേ വിരിയുന്ന പൂവുകളല്ലാതെ
നീയൊന്നുമറിയില്ല
അത്രമേലത്രമേല്‍
അരികെ നില്‍ക്കുമ്പോഴും
നീയെന്നെയറിയില്ല.
നഗരവൃക്ഷങ്ങളില്‍ ചേക്കേറുവാന്‍
വന്ന പക്ഷികളൊടുക്കം
പടിഞ്ഞാട്ടു പോകുന്നു.
ഇരുളിലൂടെന്റെ കൂടുതേടി
തനിച്ചു
ഞാന്‍പോകുന്നു.
പിന്നെയും
ജനാലകള്‍നിന്റെ
ഗന്ധങ്ങളില്‍ പൂക്കുന്നു
സന്ധ്യകള്‍
നിന്റെ നാദങ്ങളില്‍
സാന്ദ്രമാവുന്നു.........
3.പ്രണയം
പ്രണയം
മുനയ്ക്ക് മൂര്‍ച്ചയേറിയ
ഒരു സര്‍ജിക്കല്‍ ‍നീഡിലാണ്.
ആത്മാവിലൂടെഅതി സൂക്ഷ്മതയോടെ
അതിവേഗം അത് കയറിയിറങ്ങുന്നു.
തിടുക്കം കൊണ്ടോ
അതോമറ്റെന്തെങ്കിലും കൊണ്ടോ
ആ നേരം വേദനയറിയുന്നില്ല.
പിന്നെ മുറിവുണങ്ങാന്‍
കാത്തിരിക്കുമ്പോഴാണ്,
മുറിഞ്ഞ
കോശങ്ങള്‍ പരസ്പരം
മുഖംനോക്കിയിരിക്കുമ്പോഴാണ്
ഉള്ളില്‍
വേദനയുടെ സൂചിക്കുത്ത്.
ഓര്‍മ്മകള്‍ക്ക്
ചെമ്പകത്തിന്റെ
ഗന്ധമാണ്.
കൊടും വേനലില്‍
ഉള്ളുലഞ്ഞ് പൂക്കുന്ന
ചെമ്പകത്തിന്റെ
കത്തുന്ന മണം.
ഇന്നുംആ മണമേല്ക്കെ
എനിക്ക്നിന്നെ കാണാം.
നിന്റെ കണ്ണുകള്‍.
നോക്കി നോക്കിയിരിക്കെ
അഴിമുഖത്ത്
പുഴയെ സമുദ്രമെന്ന വണ്ണം
എന്നേ ആവാഹിച്ചെടുത്ത
നിന്റെ കണ്ണുകള്‍.
ആകയാല്‍
ഞാനിന്നുമെന്റെ
ഇത്തിരി മുറ്റത്തൊരു
ചെമ്പകതൈ നട്ടിരിക്കുന്നു.


12 comments:

G.MANU said...

really great lines.........keep it up

G.MANU said...

really great lines.........keep it up

ശെഫി said...

പ്രണയം പ്രണയമല്ലതെ മറ്റൊന്നും തരുന്നില്ലല്ലോ?
മറ്റൊന്നും സ്വീകരിക്കുന്നുമില്ലല്ലോ


ജിബ്രാന്‍

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 (നാളെ) ആണ്.

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല വരികള്‍ ... അങ്ങിനെ പറഞ്ഞാല്‍ പോരാന്ന് അറിയാം . പക്ഷെ കൂടുതല്‍ എന്താ പറയേണ്ടതെന്നും അറിയില്ല.. സര്‍ജിക്കല്‍ നീഡില്‍ - നല്ല ഉപമ..

അനിതാകൊക്കോട്ട് said...

നല്ല വാക്കുകള്‍ക്ക് നന്ദി മനു,പീലിക്കുട്ടി,ഷെഫി;എല്ലാവര്‍ക്കും നന്ദി.
പ്രണയത്തെ കുറിച്ചുള്ള മൂന്നുകവിതകള്‍ പ്രണയത്തിന്റെ മൂന്നു ഘട്ടങ്ങളാണെന്നതു ശ്രദ്ധിച്ചിരിക്കുമല്ലൊ.
പിന്നെ ഇട്ടിമാളൂ,ആ സര്‍ജിക്കല്‍ നീഡിലുണ്ടല്ലോ
ഞാന്‍ ഉദ്ദേശിച്ചതിന്റെ പകുതി പോലും അവിടെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
skin suture ചെയ്യാന്‍ ഉപയോഗിക്കുന്ന നീഡിലുണ്ട് അറ്റമൊക്കെ കൂര്‍ത്ത ഒന്ന് needle with cutting edges എന്ന് സയന്‍സ് , അതായിരുന്നു എന്റെ മനസ്സില്‍.

ലേഖാവിജയ് said...

ninte pranayathinte mood nashtamaakaathathu vayanakarante punyam.

Kuzhur Wilson said...

വരാന്‍ വൈകിയോ. കണ്ണന്‍ തികച്ചും നന്ന്. വരികള്‍ക്കിടയില്‍ ചികയരുത് എന്നു നെരൂദ പറഞ്ഞിട്ടുണ്ടല്ലോ ?

നസീര്‍ കടിക്കാട്‌ said...

nannaayi.......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു..പുതു സ്രിഷ്ടികള്‍ പോരട്ടെ..

ഭ്രാന്തനച്ചൂസ് said...

gREAT...!!!! Chikenju nokkenda ennu munkkor vidhi ullathu kondu......oru chodyam...alpamenkilum vendanayillatha eethenkilum parayamundo...???

സജീവ് കടവനാട് said...

ആ പ്രണയത്തിന്റെ പാഠഭേദങ്ങളില്‍ ഞാനെന്തോ വെച്ചുമറന്നിട്ടുണ്ട്...