Monday, February 2, 2009

അടയാളങ്ങള്‍


എന്റെ പ്രണയം ;

അമ്ളഭരിതമായ എന്റെ പ്രണയം .

പിച്ചളക്കോപ്പകളില്‍ പകര്‍ന്നപ്പോള്‍

പൊന്തിയ പുകകൊണ്ട്

നിന്റെ കാഴ്ചയും ആകാശവും

കവര്‍ന്നെടുക്കാന്‍ തിടുക്കപ്പെട്ടമിന്നല്‍പ്പിണര്‍ ;

ഓരോ കവിളിലും മാംസത്തെ ദ്രവിപ്പിച്ച്

ഉള്ളിലേക്ക് ഉരുകിയിറങ്ങി

നിന്റെ ഹൃദയത്തിന്റെ അടിവരെ

പൊള്ളിക്കുവാന്‍ മോഹിച്ച ഉഷ്ണവാതം ;

നിന്റെ സൂചനകളുടെ നീല വിതാനങ്ങളെ

ധമനിയിലൂടെ കുതിക്കുന്ന ചോരയാല്‍

കടും ചുവപ്പിലേക്ക് സ്നാനപ്പെടുത്തുവാന്‍

വെമ്പിയ കടല്‍ ക്ഷോഭം

എന്റെ പ്രണയം .
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍

പകര്‍ന്ന് ആറുവാന്‍ വെച്ചതിന്

നിനക്ക് ഞാന്‍ മരണം വിധിക്കുന്നു.

മരിക്കും വരെ

മരിക്കും വരെ

നിന്നെ ഞാന്‍ തൂക്കിലിടും.

Sunday, December 23, 2007

കുളി

ഒരേ നേരം
വിരുദ്ധമായിരിക്കുമ്പോഴും
അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു;
ഒരു നിലവിളിയുടെ ഓളം പോലും
അവശേഷിപ്പിക്കാതെ
ശൂന്യതയിലേക്കുള്ള ഒടുവിലത്തെ
വാതിലും തുറന്നിടുന്നു.
കാച്ചെണ്ണയില്‍
മൊരിഞ്ഞ ജീരകത്തിന്
പ്രാചീനമായ ഒരു രുചി.
കരിഞ്ഞ ഉള്ളിക്ക്
വെന്ത മാംസത്തിന്റെ ചുവ.
എണ്ണ പടര്‍ന്ന് വഴുക്കുന്ന
പടിക്കെട്ടുകള്‍ക്കപ്പുറം
ചായപ്പെട്ടിയില്‍ നിന്ന്
ചൂണ്ടുവിരലിനാല്‍ കോരി
നിലത്ത് പതിപ്പിച്ച കടും നീലയുടെ
ഒരാഴമായി ജലം.
ഓര്‍മ്മകളില്‍ നിന്ന്
മറവിയിലേക്ക് ഒരു കുത്തൊഴുക്ക്
അഗ്നിയും ജലവും ഒരേപോലെ.
ഇളകുന്ന ഇലകള്‍ പോലെ
ചലിക്കുന്ന ജലത്തിന്റെ,
വിസ്മൃതിയുടെ നിലയ്ക്കാത്ത സ്പര്‍ശം.
ചിത്രങ്ങള്‍ പതിച്ച
വലിയ സ്ഫടിക ജനാല
പെട്ടെന്ന് തുറന്നതു പോലെ
ഒക്കെയും ഒറ്റമാത്രയില്‍ നിലയ്ക്കുന്നു.
ഈര്‍പ്പം മാഞ്ഞ് പൂപ്പല്‍ ഉണങ്ങിയ
പടവുകളുടെ മുകളില്‍
കാല്‍പ്പടങ്ങളില്‍
അവശേഷിച്ച നനവ് കൂടി
ഒപ്പിക്കളഞ്ഞ് മടങ്ങുമ്പോള്‍
ഓര്‍മ്മകള്‍ മാത്രം
തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടും
വിരലില്‍ നിന്നൂരാന്‍ മറന്നൊരു
മോതിരവളയം കണക്കെ................

Thursday, November 15, 2007

മിസ്സ്ഡ് കാള്‍

മരിച്ചു കൊണ്ടിരിക്കുന്ന
മകന്റെ അരപ്പട്ടയില്‍
മൊബൈല്‍ ചിലയ്ക്കുന്നു
ഹോം കാളിങ്ങ്.........
നിലച്ച മിടിപ്പുകളെ
തിരികെ വിളിക്കാന്‍ വെമ്പി
മറുതലയ്ക്കല്‍ അമ്മ
ഒന്നു നിലച്ച് പിന്നെയും......
മണിയൊച്ചകള്‍ക്കും
പായലിന്റെയും ഉപ്പിന്റെയും കടല്‍ മണത്തിലേക്കു
താണു പോകുന്ന ഉടലിനും
കുറുകേ
ഒരു കടല്‍ പാമ്പ് തുഴഞ്ഞു പോയി
അതിന്റെ വാലറ്റത്ത് ഒരു വാള്‍ത്തലപ്പിന്റെ തിളക്കം
കടല്‍ ചണ്ടിയും ചെളിയും
കുരുങ്ങിയ ശിരസ്സില്‍
ഒരു ചിപ്പിത്തുണ്ട്......
ഒടുക്കം
കറുത്ത് കരിവാളിച്ച്
കനം കുറഞ്ഞൊരു പെട്ടിയിലടയ്ക്കപ്പെട്ട്
അവന്‍ വീടെത്തുമ്പോള്‍
കടല്‍ കുടിച്ച് കരിം പച്ച നിറമായ
അരപ്പട്ടയില്‍ നിന്നും
അനാഥമായ ഈ വിളി
ആര്‍ കണ്ടെടുക്കാന്‍.......?

Wednesday, February 28, 2007

ശേഷിക്കുന്നവര്‍


പടി തെണ്ടി നടതെണ്ടി
പാതിരാവെത്തുന്നു
പടിവാതില്‍ ചാരി നമുക്കുറങ്ങാം
ജനലു തുറക്കേണ്ട;നിദ്രയില്‍
ഇരുളെത്തി നമ്മേ വിഴുങ്ങിടാം.
പടി തെണ്ടി നട തെണ്ടി
പാതിരാവെത്തുന്നു
പടി വാതില്‍ ചാരി നമുക്കുറങ്ങാം

വാക്കുകളെല്ലമടച്ചു നാം
പുസ്തകം പോലും തുറക്കാതെ
മിണ്ടാതെ മിണ്ടാതെ
രാത്രിയൂടച്ഛന്‍ വരുന്നതും
കാതോര്‍ത്തു നില്പതും
പിന്നോരു രാത്രിയിലച്ഛന്‍
വരാതെ നാമാര്‍ത്തരായ്
ഇന്ത്യയ്ക്കുമേലേ മയങ്ങുന്നതും
പിന്നെ പുലര്‍ച്ചയില്‍
ആളൊഴിഞ്ഞിടവഴിച്ചോരയില്‍
കാലുതെന്നുന്നതും
ഏറെക്കറുത്തോരു പാട്ടുമായ്
ബലിക്കാക്കകള്‍ ചുറ്റിപ്പറന്നതും
ഇരവിലോര്‍ക്കയാല്‍ നമ്മള്‍ തന്‍
പുരയിടങ്ങളില്‍ പൂവിട്ട
നിലവിളിക്കും മുളങ്കാടുകള്‍.

അമ്മയെങ്ങെന്നു നാമുഷ്ണിച്ചു
ചൊല്ലവേ
നീണ്ടു കിടപ്പൂ നിരാര്‍ദ്ര
മൌനങ്ങളാല്‍ നീറുന്ന നട്ടുച്ചകള്‍
കുരുതി,കാട്ടാള;നിരവെന്നു
വെളിപാടു തേങ്ങവേ
പിന്നെയും തകരവിളക്കിന്റെ
തിരിയായൊരമ്മയേ
കാതോര്‍ത്തിരിപ്പവര്‍ നമ്മള്‍.

ഉടലിലാദ്യമേ പെയ്ത
മഴയൊന്നുമറിയാതെയിരവിന്റെ
പായല്‍ വഴുക്കുന്നതറിയാതെ
ഇടവഴിയിലിന്നെന്റെ-
യേട്ടനുമുറക്കമായ്
ഒരു തുണിത്തുമ്പിലായ്
പലിശയില്ലാക്കടം പോലെ
ജീവിതപ്പണയവുംതിരികെ
വെച്ചിന്നെന്റെ ചേച്ചിയുമിറങ്ങിക്കഴിഞ്ഞു.

ചുട്ടു നീറുന്നു കരള്‍ത്തടം
നെറ്റിപൊള്ളിത്തിളയ്ക്കുന്നു
ചെത്തി പോലെ ചുവപ്പാര്‍ന്ന
വാക്കുകള്‍;ഒറ്റമാത്രയെന്‍
കണ്ണില്‍ വീഴും കിനാവിന്റെ
വര്‍ണ്ണനൂലുകള്‍

അമ്മയെന്നേ വിളിച്ചില്ല
അച്ഛനൊന്നും മൊഴിഞ്ഞില്ല
ആരുമേ ചേര്‍ത്തണയ്ക്കാതെ
ആരുമേ വിരലു നീട്ടാതെ
ഉപ്പുതീരങ്ങളില്‍ നമ്മള്‍
കുഞ്ഞുങ്ങളൊറ്റയ്ക്കിരിക്കുന്നു
അരുകിലത്രയ്ക്കു കയ്പ്പാര്‍ന്ന
ജീവിതത്തിരമാലകള്‍
പിറകിലെന്നും പതുങ്ങി
ത്തുറിക്കുന്ന കണ്ണുകള്‍
കയറിന്‍ കുരുക്കുമായ്
പടവിലിന്നിന്റെ സേവകര്‍,
നാലു ചുറ്റിലും നാഴികക്കോലുമായ്
കണ്ണുകുത്തിപ്പൊളിക്കുവാന്‍
നാടുവാഴികള്‍............


നമ്മള്‍ ശേഷിപ്പവര്‍
ചുട്ടുതിന്നിട്ടുമീ
നാട്ടുപാടത്തു കണ്ണുചിമ്മി
ചിരിപ്പവര്‍ .
മണ്ണുതിന്നും മരിക്കാതെ
നെഞ്ചുയര്‍ത്തുവോര്‍
നമ്മള്‍ ശേഷിപ്പവര്‍
പടിതെണ്ടി നട തെണ്ടി
പാതിരാവെത്തുന്നു
പടി വാതില്‍ ചാരി നമുക്കിരിക്കാം.

Monday, February 26, 2007

പ്രണയത്തെക്കുറിച്ച് മൂന്ന് കവിതകള്‍




1.പ്രണയത്തിന്റെ പാഠഭേദങ്ങള്‍
(1)
രാധേ രാധേ
എന്നുവിളിച്ച്
ഇടവഴിയിലേക്കോടുന്നവനാരാണ്?
അവനു കിറുക്കാണ്
മുഴുക്കിറുക്ക്
കണ്ണനാണ് താനെന്ന് അവനു തോന്നും
ചരല്‍ മുറ്റത്തിനപ്പുറം
ഇടവഴിയിലൂടെ നടന്നു പോകുന്ന
നീളന്‍ പാവാടക്കാരികളൊക്കെയും
തന്റെ രാധയെന്ന് അവന്‍ ധരിക്കും;
തുടലില്ലാത്ത നേരത്തൊക്കെ
അവനിട വഴിയിലേക്കോടും;
പാവം.
നാല് പെണ്‍കുട്ടികള്‍ കഴിഞ്ഞ് അമ്മയ്ക്ക്
കിട്ടിയപൊന്‍ കണിയായിരുന്നല്ലൊ അവന്‍!
(2)
കണ്ണാ
ഇങ്ങനെ മഴ
ചറപിറെ പെയ്യുമ്പോള്‍ ജനാലയ്ക്കല്‍
നോക്കിനില്‍ക്കാന്‍ എന്തു രസമെന്നോ!
മഴക്കാഴ്ച്ചയില്‍
നിന്റെ കണ്ണിലെ അലയിളക്കങ്ങള്‍
മഴയൊച്ചയില്‍
നിന്റെ പുല്ലാങ്കുഴലിന്റെ പിറുപിറുക്കല്‍
മഴവിരലുകളെന്നെത്തൊടുമ്പോള്‍
നിന്റെ കൈകള്‍തൊട്ടമാതിരി
കണ്ണാ
നീയെന്തിനാണിങ്ങനെ മിഴിച്ചു നോക്കുന്നത്?
കണ്ണനോ
ഞാന്‍ ഉണ്ണിയാണ്
പുത്തന്‍ പുരയ്ക്കല്‍ ഗോവിന്ദന്‍ മകന്‍
പി.ജി.ഉണ്ണികൃഷ്ണന്‍
കുഞ്ഞുന്നാളില്‍ അമ്മ പോലും എന്നേ
കണ്ണനെന്നു വിളിച്ചിട്ടില്ലല്ലൊ.
ആട്ടെ കുട്ടി ആരാണ്?
എനിക്ക് മനസ്സിലായില്ലല്ലൊ.
(3)
നനഞ്ഞ കാറ്റില്‍
തേക്കിന്‍ പൂവുകളുടെ മണം
മൈതാനത്ത് വെയില്‍പ്പീലികളില്‍
എണ്ണമില്ലാത്തത്ര തുമ്പികള്‍.
വേനല്‍ മോഷ്ടിച്ച പുഴകളെയും
തിരഞ്ഞുപോയ
ബുദ്ധന്റെ കഥ
വിശുദ്ധ പുസ്തകത്തില്‍ നിന്ന്
ആരോ ഉറക്കെ വായിക്കുന്നു
അവളുടെ കണ്ണിലെ
തിരയടങ്ങിയ തുളുമ്പാത്ത
ലവണ സമുദ്രത്തില്‍ നിന്ന്
ഒരുതുള്ളി
ഒരുതുള്ളി മാത്രം
പൊടിപിടിച്ച ഗിത്താറിന്റെ
ഉടലിലേക്കു പൊഴിയുന്നു.
ഒന്നുമില്ല,ഒന്നും
പേരില്ലാത്തൊരു രാഗം മാത്രം.

2.വര്‍ഷകാലരാഗങ്ങള്‍
നഗരമേ
നീയെന്റെ പ്രണനെത്തരികെന്നു
വഴിയരുകിലേതോ കിറുക്കന്റെ മൊഴി
ദൂരെ നിന്നേതോ
ദുരന്തഗീതം പോലെ
രാത്രിയുടെ ചൂളംവിളി
അരികെ നീ
എന്റെ പ്രാണനെന്നെഴുതി ഞാന്‍
ചുവടേകുറിക്കുന്നൊരക്ഷരം
ഓര്‍മ്മകളൊരേനേരമഗ്നിയും
തിരസ്കാരവും നിറച്ചുകൊണ്ട്
അരികെ നീ.
ഏതോ വഴിയമ്പലത്തിന്റെ
മൂലയില്‍ കണ്ട
പഴയ മണ്‍പ്രതിമയോ
പാതിയിലെന്നും തകര്‍ന്നു
തനിച്ചിരുന്നേങ്ങുമെന്‍
വീടിന്റെയൊച്ചയോ
അറിയില്ലെനിക്കു നീ
അരികെ നില്‍ക്കുമ്പൊഴോര്‍മ്മകള്‍
നുരയ്ക്കുന്നതല്ലാതെ
നിമിഷ വേഗങ്ങളേമോഷ്ടിച്ചു
ഹൃദയം മിടിയ്ക്കുന്നതല്ലാതെ
അറിയില്ലെനിക്കൊന്നും.
മഴകളോരോന്നിലും മുങ്ങി
മരിക്കുന്നൊരൊറ്റ
സ്പര്‍ശമായ്,ഗന്ധമായ്
ഭൂമികൈവിട്ട കരുണയും
കയ്ക്കുന്നപ്രാര്‍ത്ഥനക്കെട്ടുമായ്
നീ വന്നു നില്‍ക്കുന്നു.
പിന്നെയുമെന്നിലടഞ്ഞ
ജനാലകളെല്ലാം തുറക്കുന്നു.
അരുത് വാക്കുകള്‍
നമ്മളെ മോഷ്ടിച്ചകന്നു പോം
ചതിയരാം സഹചാരികള്‍
അരുത് സ്പര്‍ശങ്ങള്‍
അറികെ നമ്മെത്തനിച്ചിട്ടു
കടവൊഴിഞ്ഞു പോം സ്നേഹങ്ങള്‍.
പടികളെല്ലാമിറങ്ങിയതാണു നാ-
മൊടുവിലിന്നതിന്‍
പാടുമാത്രമാണെങ്കിലും
എരിയുമോര്‍മ്മയാല്‍ അല-
യിരമ്പുന്ന നോക്കിനാല്‍
എന്നുള്ളുപൊള്ളുന്നു.
കാട്ടുചെടികളില്‍ പൂത്ത
പ്രണയത്തിന്റെ ഗന്ധങ്ങളല്ലാതെ
ഇല്ല നീയൊന്നും മണക്കില്ല
അത്രമേല്‍ സ്നിഗ്ദധമെന്നറിയുന്ന
സ്പര്‍ശങ്ങളല്ലാതെ
ഇല്ല നീയൊന്നും തൊടാറില്ല
വെറുതേ കുറിച്ചിട്ട വാക്കുകളല്ലാതെ
പുറമേ വിരിയുന്ന പൂവുകളല്ലാതെ
നീയൊന്നുമറിയില്ല
അത്രമേലത്രമേല്‍
അരികെ നില്‍ക്കുമ്പോഴും
നീയെന്നെയറിയില്ല.
നഗരവൃക്ഷങ്ങളില്‍ ചേക്കേറുവാന്‍
വന്ന പക്ഷികളൊടുക്കം
പടിഞ്ഞാട്ടു പോകുന്നു.
ഇരുളിലൂടെന്റെ കൂടുതേടി
തനിച്ചു
ഞാന്‍പോകുന്നു.
പിന്നെയും
ജനാലകള്‍നിന്റെ
ഗന്ധങ്ങളില്‍ പൂക്കുന്നു
സന്ധ്യകള്‍
നിന്റെ നാദങ്ങളില്‍
സാന്ദ്രമാവുന്നു.........
3.പ്രണയം
പ്രണയം
മുനയ്ക്ക് മൂര്‍ച്ചയേറിയ
ഒരു സര്‍ജിക്കല്‍ ‍നീഡിലാണ്.
ആത്മാവിലൂടെഅതി സൂക്ഷ്മതയോടെ
അതിവേഗം അത് കയറിയിറങ്ങുന്നു.
തിടുക്കം കൊണ്ടോ
അതോമറ്റെന്തെങ്കിലും കൊണ്ടോ
ആ നേരം വേദനയറിയുന്നില്ല.
പിന്നെ മുറിവുണങ്ങാന്‍
കാത്തിരിക്കുമ്പോഴാണ്,
മുറിഞ്ഞ
കോശങ്ങള്‍ പരസ്പരം
മുഖംനോക്കിയിരിക്കുമ്പോഴാണ്
ഉള്ളില്‍
വേദനയുടെ സൂചിക്കുത്ത്.
ഓര്‍മ്മകള്‍ക്ക്
ചെമ്പകത്തിന്റെ
ഗന്ധമാണ്.
കൊടും വേനലില്‍
ഉള്ളുലഞ്ഞ് പൂക്കുന്ന
ചെമ്പകത്തിന്റെ
കത്തുന്ന മണം.
ഇന്നുംആ മണമേല്ക്കെ
എനിക്ക്നിന്നെ കാണാം.
നിന്റെ കണ്ണുകള്‍.
നോക്കി നോക്കിയിരിക്കെ
അഴിമുഖത്ത്
പുഴയെ സമുദ്രമെന്ന വണ്ണം
എന്നേ ആവാഹിച്ചെടുത്ത
നിന്റെ കണ്ണുകള്‍.
ആകയാല്‍
ഞാനിന്നുമെന്റെ
ഇത്തിരി മുറ്റത്തൊരു
ചെമ്പകതൈ നട്ടിരിക്കുന്നു.


Sunday, February 25, 2007

അകംപൊരുള്‍


ഏതോ കവിതയുടെ മിടിപ്പിലേക്ക്
കാതു ചേര്‍ക്കുമ്പോഴാണ്
അതറിഞ്ഞത്;
ഉള്ളിലെവിടെയോവേദനിപ്പിക്കുന്ന
ഒരു ചൂടുകാറ്റുണ്ട്.
ദിശകള്‍ മാറിക്കൊണ്ടേയിരിക്കുന്ന
ചിലനേരം നിലച്ചും
ചിലപ്പോള്‍ ആക്രമിക്കാനടുത്തും
കാറ്റുകളുടെ ഒരു പ്രവാഹം.
ഓരോകാറ്റും നിലയ്ക്കുമ്പോള്‍
ഉള്ളില്‍നിറയെ മുറിവുകളെന്നറിയുന്നു.
പക്ഷേ,എവിടെ?
എത്രയാഴത്തില്‍?
പിന്നെ എല്ലാപ്പുറങ്ങളുംകൂര്‍ത്ത
വെള്ളാരങ്കല്ലുകളെ കാറ്റ്
എനിക്കുള്ളില്‍ അമ്മാനമാടാന്‍ തുടങ്ങിയപ്പോഴാണ്
ഞാനൊരു വൈദ്യനെത്തിരഞ്ഞത്.
ഉഷ്നം നിറഞ്ഞകാറ്റുകള്‍ക്കും
വിയര്‍പ്പിറ്റുന്ന വേവലാതികള്‍ക്കും
അനാഥമാകുന്ന അമ്പരപ്പുകള്‍ക്കും
അപ്പുറത്തെവിടെയോ
പച്ചയുടെ
ഇന്ദ്രനീലത്തിന്റെ
വെളുപ്പിന്റെ ഒരു വീടുണ്ട്.
വൈദ്യന്‍
കുഞ്ഞുന്നാളില്‍ പൊട്ടിയും പോറിയും
തേഞ്ഞു വീണും
ചുവപ്പായ കാല്‍മുട്ടില്‍
മരുന്നു തേച്ചിരുന്ന ഒരോര്‍മ്മ
അതേവൈദ്യന്‍
അതേ മുറി
അതേ ഇരിപ്പിടങ്ങള്‍
കാത്തിരിപ്പിന്റെ മുഷിവു കൂടാതെ
അകത്തു കടന്നു
പഴയ അതേ കുട്ടിക്ക്
വളര്‍ന്നപ്പോഴുണ്ടായ എല്ലാപരിണാമങ്ങളുടേയും
സ്വഭാവികതയോടെ
രോഗവിവരം ഞാന്‍ പറഞ്ഞു.
‘പുറമേ കാണാത്ത രോഗങ്ങള്‍
ഞാന്‍ ചികിത്സിക്കാറില്ലല്ലൊ’
പുറമേ കാണാത്തരോഗങ്ങള്‍
ഞാന്‍ അമ്പരന്നു
എല്ലാ രോഗങ്ങളും പുറമേ കാണുമോ?
പുറമേക്ക് അറിയാത്തവയൊന്നും
രോഗമല്ലെന്നു വരുമോ?
‘എനിക്കുള്ളില്‍
കൊടുംകാറ്റുകളാണ് ഡോക്ടര്‍
ചില നേരം തലച്ചോറില്‍
മറ്റു ചിലനേരങ്ങളില്‍ ഉള്ളിലാകെ’
നിര്‍ത്ത് കുട്ടീ..
കൊടുംകാറ്റുകള്‍ ഭൂമിക്കു മീതെയാണ്.
മനുഷ്യശരീരത്തിനുള്ളില്‍ വീശിയടിക്കുന്ന
കൊടും കാറ്റുകളേപ്പറ്റി
വെറും കാറ്റുകളേപ്പറ്റി
ഒരു വൈദ്യശാസ്ത്രവും എനിക്കറിയില്ല.
പണ്ടത്തെ സൌമ്യന്‍
ഇന്നത്തെ വിവേക വൃദ്ധന്‍
പുറത്തേക്കു വിരല്‍ ചൂണ്ടി.
പുറത്ത്
പലനിറങ്ങളും പുറമേയ്ക്കു ധരിച്ച്
അകമേ കാറ്റത്ത്
അടര്‍ന്നു മുറിയുമെന്നു ഭയം തുളുമ്പുന്ന
വേരുകളോടെ
എന്തൊരു ജീവിതമാണിത്
ദൈവമേ........
തലച്ചോറിന്റെ ഓരോ ചുളിവിലൂടെയും
ഉഴുതുമറിച്ചു കൊണ്ട്
ഒരു കാറ്റ് പാഞ്ഞു നടക്കുന്നു;
ഉള്ളിലിപ്പോള്‍ ഒരു മരുപ്പരപ്പിന്റെ
തിളയ്ക്കുന്ന ഉഷ്ണമാണ്.
ശാന്തസമുദ്രത്തിന്
മറ്റനേകം സമുദ്രങ്ങള്‍ക്ക് അകമേ
മറ്റൊരാളുമറിയാത്ത
ഉഷ്ണവും ശീതവുമായ
പ്രവാഹങ്ങളേകുറിച്ചു പഠിച്ച
പാഠങ്ങള്‍ ഞാനോര്‍ത്തു
ഒരു ഭൂപടമായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു
ഉടലിന്റെ അതിരുകളിലൊതുങ്ങുന്ന
ഈ ലോകത്തെ
തിരിച്ചും മറിച്ചും നോക്കമായിരുന്നു.
കൊടുംകാറ്റുകളും
ഉഷ്ണപ്രവാഹങ്ങളും
എങ്ങനെ എവിടെ നിന്ന്
ഉത്ഭവിക്കുന്നു എന്നറിയാമായിരുന്നു.
ആരോ പറഞ്ഞു
ഭൂമിശാസ്ത്രങ്ങള്‍ ഭൂമിക്കാണ്;
മനുഷ്യനുള്ളത് മനശാസ്തങ്ങളാണ്.
ശീതീകരിച്ച മുറിയിലെ
കാത്തിരിപ്പിനൊടുവില്‍
നിശ്ചലമായ മനസ്സോടെ
ഞാന്‍ അദ്ദേഹത്തിനു മുമ്പിലെത്തി
വയസ്സെത്ര?
എത്ര കൊല്ലം വിദ്യാലയത്തിലുണ്ടായിരുന്നു?
എത്ര തവണ തോറ്റു?
തൊഴിലുണ്ടോ?
ഉറങ്ങാറുണ്ടോ?
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാവുമോ?
എത്ര തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു?
എത്ര പ്രണയങ്ങളുണ്ടായി?
അച്ഛനോട്
അമ്മയോട്
സഹോദരങ്ങളോട്
ബന്ധങ്ങളുടെ രീതിയെന്തായിരുന്നു?
ചോദ്യങ്ങളുടെ വളവു തിരിവുകളില്‍
ഞാനൊരു പൂജ്യമായി.
കൂര്‍ത്ത കണ്ണുകള്‍ കൊണ്ട്
എന്നേ വിലയിരുത്തി
പലനിറങ്ങള്‍ നിറച്ച
ഒരു കൂട്ടം മരുന്നുകള്‍ തുണക്കാരന്റെ
കൈയ്യിലേല്‍പ്പിച്ച്
രഹസ്യമായി എന്തൊക്കെയോ
പിറുപിറുത്ത്
ഒരു ചൂണ്ടു വിരല്‍ തുമ്പിലൂടെ
എന്നേ പുറത്താക്കുമ്പോള്‍
പുറത്ത് ഉഷ്ന കാലത്തിന്റെ ഒരല
അകത്തും ചൂടുതന്നെ.
വഴിയിലും
വീട്ടുമുറിയിലും
പരിചയമുള്ള ഓരോ കണ്ണിലും
വിഭ്രമിച്ച് വികൃതമായ മനസ്സിന്റെ ഗണിതം
എന്നേതുറിച്ചു നോക്കിയപ്പോള്‍
തലച്ചോറിനു മീതേ ഒരു മഞ്ഞു പടലം
വന്നു മൂടിയാലെന്ന പോലെ
ഞാന്‍ ശാന്തയായി.
മരവിപ്പിന്റെ
നിര്‍മമത്വത്തിന്റെ
വിരക്തിയുടെ മഞ്ഞുപാളികള്‍ക്കു
താഴെയിരുന്ന്
ഒരു മനസ്സിന്റേയും മനസ്സാക്ഷി
സൂക്ഷിപ്പുകാരന്റേയും കണക്കുകള്‍ക്ക്
മുറിവൈദ്യത്തിന് മുഴുവന്‍ വൈദ്യത്തിന്
ഒന്നും വഴങ്ങുന്ന ഒന്നല്ല
മനസ്സിന്റെ കൊടുംകാറ്റുകള്‍ എന്ന്
ഞാന്‍ തിരിച്ചറിഞ്ഞു.
അറിവുകള്‍ ഒരു പുറം തോടാക്കി
അതിനുള്ളില്‍ സ്വസ്ഥമായിരിക്കാനൊരുങ്ങവേ
പിന്നെയും കൊടുംകാറ്റുകള്‍ വരികയായി.
ആകാശങ്ങളില്‍ നിന്ന്
സമുദ്രത്തിന്റെ അധോതലങ്ങളില്‍ നിന്ന്
കൊടുംകാറ്റുകളുടെ
ചൂളം വിളി;
ഉഷ്നക്കാറ്റുകളുടെ സ്പര്‍ശം
ഉള്ളില്‍ ചോരപൊടിയുന്നമുറിവുകള്‍.
ഒടുക്കം
അറിവായ എല്ലാ വിഷമഭിന്നങ്ങളിലും
അംശവും ഛേദവും
പാകപ്പെടുത്തി മുന്നില്‍ നിരത്തുന്നവനോട്
തന്നെ ഞാന്‍ ഇക്കുറിയും ചോദ്യമുന്നയിച്ചു.
ഉത്തരം അവനെത്രയോ ലളിതം.
ഇരമ്പുകയും അലറുകയും ചെയ്യുന്ന
സാമീപ്യം, ആത്മാവാണത്.
വിങ്ങുകയും മുറിവാകുകയും
ചെയ്യുന്നതും അതു തന്നെ.
ആഴമറിയാത്ത,
ചോരയുടെ നനവുണങ്ങാത്ത
മുറിവുകള്‍
ആത്മാവിന്റെ കൈ രേഖകളാണ്.
ഉഷ്ണവും അതിശൈത്യവുമായി
ഉള്ളില്‍ ഇരമ്പി നടക്കുന്ന തീഷ്ന വേഗങ്ങള്‍
അതിന്റേതു തന്നെ.
‘പക്ഷേ പേടിപ്പിക്കുന്ന ഈ
വിക്ഷോഭങ്ങളില്‍ നിന്ന്
രക്ഷപെടാന്‍ ഒരു വഴിയുമില്ലേ?’
ഉവ്വ്,തീര്‍ത്തും നിസ്സാരം
തികച്ചും ലളിതം
വായിച്ച് പഴകി ,വാക്കുകള്‍ തേഞ്ഞ്
വിരസ്സമായൊരു പുസ്തകം പോലെ
അതിനെ ചുരുട്ടിയെടുക്കുക.
ഇറുകെയൊന്നു തൊടുമ്പോള്‍
തന്നെ പൊടിഞ്ഞൂ പോകുന്ന
ഒരു വസ്തുവാണ് സത്യത്തില്‍ ആത്മാവ്.
പിന്നെ സൌകര്യം പോലെ
തീയിലോ കടലിലോ പുഴയിലോ
വലിച്ചെറിയാമല്ലൊ.
അങ്ങനെ ഞാന്‍
ആത്മാവിനെ വലിച്ചു
പുറത്തെടുത്തു.
അറിവുകള്‍ തീര്‍ത്തും ശരിയായിരുന്നു.
കരിയും മെഴുക്കുമടിഞ്ഞ് അറപ്പിക്കുന്ന
ഒരു കാഴ്ച!
എന്റെ കൈത്തലത്തില്‍
ഏതോ അന്യ വസ്തുവായി
ആത്മാവ് നിലകൊണ്ടു.
വലിച്ചെറിയുന്നതിനു
മുമ്പ്,തൊട്ടുമുമ്പ്
എനിക്കൊരു തിരിച്ചറിവുണ്ടായി.
ഇപ്പോള്‍ ഉള്ളില്‍
ക്ഷോഭിക്കുന്ന ഭൂമിശാസ്ത്രങ്ങളൊക്കെ
തീര്‍ത്തും ശാന്തമാണെന്നതു ശരി
ഒരു പക്ഷേ
ഇനി മേലും സര്‍വം ശാന്തമായി
എന്നും വരാം.
എങ്കിലും ഒരു വേള
ഈ കൊടുംകാറ്റുകള്‍
മനസ്സിനെ കീറിമുറിച്ച്
പാഞ്ഞു പോയ ആവേഗങ്ങള്‍
പെട്ടെന്നതു നിലച്ചു പോകുമ്പോള്‍
എന്തെങ്കിലും ബാക്കിയുണ്ടാവുമോ?
ഭയങ്ങള്‍ ഏതൊരാള്‍ക്കാണ്
പിന്നീട് അഭയമാകാത്തത്?
അങ്ങനെ ആത്മാവിപ്പോഴും കൈ വെള്ളയില്‍തന്നെ!
അകത്തേക്കോ
പുറത്തേക്കോ?
പിഴുതു മാറ്റിയ ഒരവയവത്തെ
വേരുറപ്പിച്ചു പിന്നെയും
നിര്‍ത്താനാവുമോ?
അറിയില്ല
ആത്മാവിപ്പോഴും കൈവെള്ളയില്‍ തന്നെ