Thursday, November 15, 2007

മിസ്സ്ഡ് കാള്‍

മരിച്ചു കൊണ്ടിരിക്കുന്ന
മകന്റെ അരപ്പട്ടയില്‍
മൊബൈല്‍ ചിലയ്ക്കുന്നു
ഹോം കാളിങ്ങ്.........
നിലച്ച മിടിപ്പുകളെ
തിരികെ വിളിക്കാന്‍ വെമ്പി
മറുതലയ്ക്കല്‍ അമ്മ
ഒന്നു നിലച്ച് പിന്നെയും......
മണിയൊച്ചകള്‍ക്കും
പായലിന്റെയും ഉപ്പിന്റെയും കടല്‍ മണത്തിലേക്കു
താണു പോകുന്ന ഉടലിനും
കുറുകേ
ഒരു കടല്‍ പാമ്പ് തുഴഞ്ഞു പോയി
അതിന്റെ വാലറ്റത്ത് ഒരു വാള്‍ത്തലപ്പിന്റെ തിളക്കം
കടല്‍ ചണ്ടിയും ചെളിയും
കുരുങ്ങിയ ശിരസ്സില്‍
ഒരു ചിപ്പിത്തുണ്ട്......
ഒടുക്കം
കറുത്ത് കരിവാളിച്ച്
കനം കുറഞ്ഞൊരു പെട്ടിയിലടയ്ക്കപ്പെട്ട്
അവന്‍ വീടെത്തുമ്പോള്‍
കടല്‍ കുടിച്ച് കരിം പച്ച നിറമായ
അരപ്പട്ടയില്‍ നിന്നും
അനാഥമായ ഈ വിളി
ആര്‍ കണ്ടെടുക്കാന്‍.......?

32 comments:

chithrakaran ചിത്രകാരന്‍ said...

ഓ... അതു നഷ്ടപ്പെട്ട ഒരു നിലവിളിയായല്ലേ ?

ശ്രീ said...

അനാധമായ ഒരു വിളി!

നന്നായിട്ടുണ്ട്.


:)

ക്രിസ്‌വിന്‍ said...

നന്നായിട്ടുണ്ട്.

നിഷേധി said...

മുന്‍ പോസ്റ്റുകളേ അപേക്ഷിച്ച് നീളം കുറഞ്ഞാലും ആശയം പറയാന്‍ ഇത് ധാരാളം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

നല്ല കവിത,
അഭിന്ദനങ്ങള്‍

ലേഖാവിജയ് said...

വായിച്ച് തീരുമ്പോള്‍ ഒരു തുള്ളി കണ്ണീരിന്റെ ഉപ്പ് ചുണ്ടുകളില്‍..അമ്മയുടെ വിളിക്കും രക്ഷിക്കാനായില്ലല്ലൊ അവനെ.വേദനിപ്പിക്കുന്ന കവിത..

Unknown said...

നല്ല കവിത.
ഒരു ഷോക്ക് !

ധ്വനി | Dhwani said...

ഒരുതരം ഭാരം ഉള്ളു നിറച്ചു ഇതു വായിച്ചപ്പോള്‍.

ഒരമ്മയുടെയും കാള്‍ മിസ്ഡ് ആയിപ്പോകാതിരിയ്ക്കട്ടെ!

കവിത വളരെ നല്ലത്!

Sapna Anu B.George said...

ര‍ണ്ടിറ്റു കണ്ണുനീരില്‍ ചാലിച്ച്
എന്റെ ഹൃദയം നിറഞ്ഞൊഴുകി
ഞാന്‍ നിന്നു കൈകൂപ്പി
നിന്‍ മുന്നില്‍ നിറഞ്ഞ,
ആദര‍വുമായി മനസ്സില്‍...

josemon said...

ഒരുപാട് പേര്‍
അനുമോദനങ്ങള്‍ തന്നിരിക്കുന്നു,പക്ഷേ
എനിക്ക് അവരോട് യോജിക്കാന്‍ പറ്റുന്നില്ല. കവിതക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി നല്ല വിഷയങ്ങള്‍ എടുത്തുകൂടെ?
ഇത് ഒരുമാതിരി ഭീഭത്സമായ അവതരണം,
ഇനി വിഷയങ്ങള്‍ തിരഞ്ഞേടുക്കുമ്പോള്‍സൂക്ഷിക്കണം

ലേഖാവിജയ് said...

കവിത ചിരിപ്പിക്കാന്‍ ഉള്ളതാണോ? അതു ചിന്തിപ്പിക്കാനും വേദനിപ്പിക്കാനും വേണ്ടിക്കൂടി ഉള്ളതല്ലേ?വളരെ ലളിതമായി പ്രദിപാദിച്ച ഒരു വിഷയം , മനസ്സില്‍ തൊടുന്ന എഴുത്തു..പക്ഷേ
ഭീഭത്സമായ അവതരണം എന്നതുകൊണ്ടു വിമര്‍ശകന്‍ ഉദ്ദേശിച്ചത് എന്താണാവോ?

josemon said...
This comment has been removed by the author.
ലേഖാവിജയ് said...

അപ്പോള്‍ ജോസ് മോന്‍ സാറിന്റെ അഭിപ്രായത്തില്‍ കവിത വായനക്കാരനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാകണം എന്നാണോ?ഈ കവിതയിലെ സംഭവം തീര്‍ത്തും സാധാരണം അല്ലേ?ട്രോളിംഗ് നിരോധന സമയത്തും മറ്റും പതിവായി പത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരാറില്ലേ?
കവിത ഒരു വശ്യമായ സാഹിത്യരൂപമാണ്.
അതു നന്നായി ചെയ്യണമെങ്കില്‍ മനസ്സില്‍ നന്മകള്‍ നിറയുമ്പോഴേ തൂലിക എടുക്കാവൂ .
ഇവിടെ പ്രത്യാശ,പ്രകാശം തുടങ്ങിയവയുടെ ഒരു കണിക പോലുമില്ല...എന്നു പറയുന്ന താങ്കള്‍ ശ്രീ.ഒ എന്‍ വി കുറുപ്പിന്റെ “ഭൂമിക്കൊരു ചരമഗീതം”എന്ന കവിത എതു ഗണത്തില്‍ പെടുത്തും?
ഒരു കാര്യം കൂടി,ആരേയും വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല.അനിത ഇതിനു മുന്‍പെഴുതിയ കവിതകള്‍ക്കെല്ലാം ഞാന്‍ കമന്റ് എഴുതിയിട്ടുമില്ല.ഈ കവിത എനിക്കിഷ്ടമായി.അതിനെ ഭീഭത്സം എന്നൊക്കെ പറഞ്ഞപ്പോള്‍ പ്രതികരിച്ചു.അത്രമാത്രം.

josemon said...
This comment has been removed by the author.
priyan said...

ഇതു ഏതോ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നോ..
എന്തോ..അതോ ഞാന്‍ തന്നെ ഇതിവിടെ വായിച്ചോ..
എന്തായാലും.. ഒരു കാര്യം,, ഞാന്‍ വെറ്ററിനറി കോളേജില്‍ നിന്നാ..ഞാന്‍ 1995 മാത്രുഭൂമി സമ്മാനം കിട്ടിയ കഥ വായിച്ചു..അപ്പോ തിരഞ്ഞതാ..അങ്ങനെ ഓര്‍ക്കുട്ടില്‍ കണ്ടു.,,.ഹായ്..സുഖമല്ലേ..

GLPS VAKAYAD said...

ദുര്‍മരണങ്ങളുടെ പൂര്‍വ്വരംഗങ്ങള്‍ പോലേ ഈ ജീവിതം.ദൃശ്യങ്ങള്‍ നമ്മെ കരയിക്കുന്നു ചിരിപ്പിക്കുന്നു,അക്ഷരങ്ങള്‍ ഹൃദയത്തെ കീറിമുറിക്കുന്നു.visiability trap കളെക്കാള്‍
എത്ര്യോഉയരങ്ങളിലാണീ കവിത

അനിതാകൊക്കോട്ട് said...
This comment has been removed by the author.
Anonymous said...

ജോസ്മോന്‍,ഉദ്ദേശ്യം മനസിലായില്ല. താങ്കള്‍ പറയുന്ന പലതിനോടുമൊപ്പം

“കവിതക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി നല്ല വിഷയങ്ങള്‍ എടുത്തുകൂടെ?


സുഹൃത്തെ ഇതെന്താണ് യുവജനോല്‍സവമോ ? തിരഞ്ഞെടുത്ത വിഷയങ്ങളില്‍ നിന്നും കവിത വരുത്തുവാന്‍ ? ഇനി കവിതക്കുള്ള നല്ല വിഷയങ്ങളേതൊക്കെയാണ് ? ഒരു ലിസ്റ്റ് ഉണ്ടാക്കി താങ്കള്‍ ബ്ലോഗില്‍ ഇടൂ. കവികളെല്ലാം ഇനി ആ ലിസ്റ്റ് നോക്കി എഴുതിക്കോളും.


““കവിത ഒരു വശ്യമായ സാഹിത്യരൂപമാണ്.
അതു നന്നായി ചെയ്യണമെങ്കില്‍ മനസ്സില്‍ നന്മകള്‍ നിറയുമ്പോഴേ തൂലിക എടുക്കാവൂ .
ഇവിടെ പ്രത്യാശ,പ്രകാശം തുടങ്ങിയവയുടെ ഒരു കണിക പോലുമില്ല.
നമ്മള്‍ എഴുതുന്നതുവായിക്കുന്നവരുടെ മനസ്സിലേക്ക് നാം അതല്ലേ പകരാന്‍ ശ്രമിക്കേണ്ടത്?““

പ്രത്യാശയിലും പ്രകാശത്തിലുമല്ല പൊള്ളുന്ന വാക്കുകള്‍ ജനിച്ചിട്ടുള്ളത്. ജീവിതം കവിതയാക്കിയ പല കവികളുടേയും വരികള്‍ നാവിലിന്നും അടരാതെ കിടക്കുന്നതുമതുകൊണ്ടാണ്. പ്രത്യാശയിലും പ്രകാശത്തിലും climax വരാന്‍ ഇതു വിനയന്‍ സംവിധാനം ചെയ്ത സിനിമയാണോ ?

ഒരു പിടച്ചില്‍, ഒരു ചിരി, ഒരു ചിന്ത, ഒരോര്‍മ, വായിച്ചു തിരിച്ചുപോരുമ്പോള്‍ വായനക്കാരനു ഇതിലേതെങ്കിലും ഒന്നു കയ്യില്‍ കരുതാനായല്‍, ആ കവിത വായിക്കപ്പെട്ടു. അതിവിടെ സംഭവിച്ചിട്ടുണ്ട്, ആശംസകള്‍

അനിതാകൊക്കോട്ട് said...

ചിത്രകാരന്‍,ശ്രീ,ക്രിസ് വിന്‍,നിഷേധി,മുരളി,പ്രിയ,വാല്മീകി ,നജീം,ലേഖാജി,ധ്വനി,ഹൃദ്യ,സപ്ന ചേച്ചി,ജോസ്മോന്‍,പ്രിയന്‍, ദേവതീര്‍ത്ഥ,ഗോപു
എല്ലാവര്‍ക്കും നന്ദി.
ഒരമ്മയുടെയും അല്ല ഒരാളുടെയും കാള്‍ മിസ് ആകാതിരിക്കട്ടെ!
പിന്നെ ജോസ്മോന്‍ സാറിനോട് ഒരു വാക്ക്
ജോസ്മോന്റെ ആദ്യത്തെ രണ്ട് കമന്റുകളും മറുപടി അര്‍ഹിക്കുന്നില്ല;കവിത ഒരാള്‍ നന്നെന്നു പറയുന്നതും മറ്റൊരാള്‍ ബീഭത്സം എന്നു പറയുന്നതും സ്വാഭാവികം മാത്രം;അതില്‍ പ്രത്യേകിച്ച് എന്ത്?
ബീഭത്സവും നവരസങ്ങളില്‍ ഒന്നു തന്നെ!
പൊതുവില്‍ കവിതയെ കുറിച്ച് താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായം അതിന്റെ ബാലിശ സ്വഭാവം കൊണ്ടു തന്നെ മറുപടി അര്‍ഹിക്കുന്നില്ല.
എന്നാല്‍ മൂന്നാമത്തെ കമന്റില്‍ താങ്കള്‍ വ്യക്തിപരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നു.
സുഹൃത്തേ എന്റെ വാക്കുകളില്‍ ഒന്നിനും വേണ്ടി ചികഞ്ഞു നോക്കാതിരിക്കുക,ഒരു ചെടിയില്‍ നിന്ന് ഒലിച്ചിറങ്ങുന്നതില്‍ കൂടുതലായി ഒന്നിനും.
കവിത എന്നത് ഒരനുഭവമാണ്;
അതിനെ എഴുതിയ വ്യക്തിയുടെ ജീവിതത്തിലേക്കു അശ്ലീലപരമായ ജിജ്ഞാസയോടെ എത്തിനോക്കാനുള്ള താക്കോല്‍പ്പഴുതാക്കി ചുരുക്കികളയാതിരിക്കുക.

അടിക്കുറിപ്പ്

കവിത എനിക്ക് ഷെര്‍ ലക് ഹോംസ് ബുദ്ധിയോടെ അന്വേഷിച്ച് ഒരു വിഷയം കണ്ടെത്തി മാലോകരെയൊക്കെയും രസിപ്പിച്ചു കളയാം എന്ന ചിന്തയോടെ എഴുതുന്ന ഒന്നല്ല, വേദനിപ്പിക്കുന്ന ചില കാഴ്ചകളില്‍ നിന്ന് അനുഭവങ്ങളില്‍ നിന്ന് അറിവുകളില്‍ നിന്ന് ചിലത് മാഞ്ഞു പോകാതെ പിറകേ വരും
ഉണര്‍വിലും ഉറക്കത്തിലും പിന്തുടരുന്ന ആ വിമ്മിഷ്ടത്തില്‍ നിന്നു രക്ഷപെടാന്‍ എനിക്കറിയുന്ന ഒരേ ഒരു വഴി അതിനെ കുറിച്ച് എഴുതുക എന്നതാണ്;എഴുതിമാറ്റുന്നതോടെ അതു കഴിഞ്ഞു.
അതു പിന്നെ സൌകര്യം പോലെ ബീഭത്സമോ കരുണമോ രൌദ്രമോ ആയിക്കൊള്ളട്ടെ!

josemon said...
This comment has been removed by the author.
josemon said...
This comment has been removed by the author.
ത്രിശ്ശൂക്കാരന്‍ said...

മോഷണം വളരെ മോശം കാര്യമാണ്. ബൂലോകത്തില്‍ വളരെയധികം മോഷണം നടക്കുന്നു.

അനിതയുടെ കവിതകളുടെ കൂടെയിട്ടിരിയ്ക്കുന്ന ചിത്രങ്ങള്‍ അനിതയെടുത്തതാണോ? ആ ചിത്രങ്ങള്‍ കോപ്പിറൈറ്റ് ഉള്ളവയാണൊ? കാശുകൊടുത്ത് വാങ്ങിയവയാണോ??
ഇത് മോഷണമല്ലെന്ന് ആരെങ്ക്ങ്കിലും പറഞ്ഞുതരുമെന്ന വിശ്വാസത്തോടെ...

വികടശിരോമണി said...

ഞാൻ ഇതിനു മാപ്പുതരില്ല…:)
ബാക്കി ഞാൻ ഇവിടെ എഴുതീട്ട്ണ്ട്.

Rajeeve Chelanat said...

ലൂക്കാക്കും പത്രോസിനും മത്തായിക്കും വേണ്ടി കവിത വായിക്കുന്നവരെ വെറുതെ വിട്ടേക്കുക. അവര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല.

പല ബ്ലോഗ്ഗുകളിലൂടെ കയറിയിറങ്ങുമ്പോള്‍ (സമയനഷ്ടത്തിനുപുറമെ) ഒരു ഗുണമുള്ളത്, എണ്ണം പറഞ്ഞ മന്ദബുദ്ധികളെ കാണാനാകും എന്നതാണ്. ഇവിടെയും പ്രതീക്ഷ തെറ്റിയില്ല. ജോസ്‌മോനെ കണ്ടും വായിച്ചും മനസ്സു നിറഞ്ഞു.

അനിതാ, മിടിപ്പു നിലയ്ക്കുന്ന ഓരോ മക്കളെയും അവരുടെ വീടുകള്‍ വിളിക്കുന്നുണ്ടായിരിക്കണം. കവിതക്കു നന്ദി. ഇതിലേക്ക് വഴി കാണിച്ച വികടശിരോമണിക്കും.

അഭിവാദ്യങ്ങളോടെ.

Sureshkumar Punjhayil said...

Ammayude vili appozennalla, eppozum pinnilundakum...!

Manoharam, Ashamsakal...!!!

Sureshkumar Punjhayil said...

യാത്രയിലോരിക്കല്‍ കണ്ട ഒരു അപകടത്തില്‍ നുറുങ്ങി അരഞ്ഞ ശരീരത്തിനുള്ളില്‍ നിന്ന് ഇത് പോലെ ഒരു മൊബൈല്‍ ശബ്ദിചിരുന്നതു കണ്ടുപിടിക്കാന്‍ ഒരു പോലീസുകാരന്‍ പെടപാടുപെടുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നത് ഓര്‍ത്തു പോകുന്നു ...!

വയനാടന്‍ said...

വായിക്കാൻ കഴിയാതെ പോകുമായിരുന്ന കവിത.
വായിച്ചു; ഹ്രുദയത്തിലാണല്ലോ ഈ വരികൾ തറയ്ക്കുന്നതു...

Melethil said...

മാപ്പ്‌ കവീ, മാപ്പ് ! ഇത്ര കാലം ഇത് വായിയ്ക്കാതിരുന്നതിന്!!

Lathika subhash said...

വികടശിരോമണിയാണിവിടെ എത്തിച്ചത്.
കവിതയ്ക്ക് അഭിനന്ദനങ്ങൾ.

മാണിക്യം said...

മരണം അറിഞ്ഞും അറിയാതെയും മനസ്സില്‍ വീഴ്ത്തുന്ന കരിം പച്ചനിറം കറുത്ത് കരിവാളിച്ച് ഒര്‍മ്മയില്‍ ഞാണുകിടക്കും...അനിതാകൊക്കോട്ടിന്റെ "മിസ്സ്ഡ് കാള്‍" ഇതാ മറ്റൊരു കരുവാളിച്ച പാടായി എന്റെ മനസ്സില്‍ അടിയുന്നു...

അഭിനന്ദനങ്ങള്‍ വായിക്കാന്‍ വൈകി
എന്നാലും ഒരിക്കലും വായിക്കതിരുന്നെങ്കില്‍
അതെന്റെ നഷ്ടമാകുമായിരുന്നു